Wednesday 4 March 2015

അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പടുത്താന്‍ ശ്രമിക്കും: അസാപ്പ് ജില്ലാ സമിതി യോഗം

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) നടപ്പാക്കുന്ന ജില്ലയിലെ 80 ഓളം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ജപ്രതിനിധികള്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയാണ് അസാപ്പ്. ജില്ലയിലെ പത്തോളം എയ്ഡഡ് - സര്‍ക്കാര്‍ കോളേജുകളിലും 70 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമാണ് അസാപ്പ് നടപ്പാക്കുന്നത്. അടിസ്ഥാന സൌകര്യക്കുറവും കംപ്യൂട്ടറുകളുടെ ദൌര്‍ലഭ്യവുമാണ് മുഖ്യമായും അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 25 മുതല്‍ 35 പേരടങ്ങുന്ന ബാച്ചിനെയൊണ് പരിശീലത്തിനു തിരഞ്ഞെടുക്കുന്നത്. ഇതില്‍ എ.പി.എല്‍., ജനറല്‍ വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം ഫീസിളവ് നല്‍കാന്‍ യോഗം തീരുമാനിച്ചു. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പരിപാടി പ്ളസ് വണ്‍ മുതലുളള കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം ജില്ലയിലെ 2137 കുട്ടികള്‍ക്കാണ് അസാപ്പില്‍ പ്രവേശം ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രോഗ്രാം മാനേജര്‍ സെന്തില്‍ കുമാര്‍, അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, കോ-ഓഡിറ്റേര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment